കൊട്ടാരക്കര: കോണ്‍ഗ്രസില്‍ ചേരില്ലെന്ന സൂചന നല്കി സിപിഎം മുന്‍ എംഎല്‍എ പി അയിഷ പോറ്റി. സിപിഎമ്മുമായി അകലം പാലിക്കുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ അയിഷ പോറ്റി പങ്കെടുത്തത്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരാനല്ല പരിപാടിയില്‍ പങ്കെടുത്തതെന്ന് അയിഷ പോറ്റി വ്യക്തമാക്കി. നിങ്ങളെല്ലാം എനിക്ക് തരുന്ന സ്നേഹം ഇപ്പോഴുള്ളതല്ല. അത് എത്രയോ വര്‍ഷങ്ങളായി. നിങ്ങള്‍ തരുന്ന സ്നേഹത്തിന് നന്ദി.
പക്ഷേ, കോണ്‍ഗ്രസില്‍ ചേരാനല്ല ഞാന്‍ ഇവിടെ വന്നത്. താന്‍ പാര്‍ലമെന്ററി മോഹിയല്ല. ഒരു സ്ഥാനത്തിന് വേണ്ടി ഒരിടത്തും പോകില്ലെന്നും അയിഷ പോറ്റി പറഞ്ഞു. എംഎല്‍എ സ്ഥാനത്തുനിന്ന് മാറി രണ്ട് വര്‍ഷം ഭയങ്കരമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതിനിടെയുണ്ടായ ചില അപകടങ്ങള്‍ മൂലം കാലിന് പ്രശ്നം വന്നു. ബാക്ക്പെയിന് നേരിട്ടു. കുറേ ചികിത്സ വേണ്ടിവന്നു. അതുകൊണ്ട് എല്ലാ കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസ്ഥാനത്തിന്റെ കമ്മിറ്റികളില്‍ നിന്നും, ചുമതലകളില്‍ നിന്നും മാറിയതിന്റെ കാരണം അതാണ്. ഇപ്പോള്‍ എല്ലാം ഓക്കെയായി. എന്നാല്‍ ആകെയങ്ങ് വിട്ടുപോയി എന്ന് ഒരിക്കലും വിചാരിക്കരുതെന്നും അയിഷ പോറ്റി പറഞ്ഞു.






