ഇടുക്കി:ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇടുക്കി പൂപ്പാറ പന്നിയാർ പുഴയോരത്തെ അനധികൃത കയ്യേറ്റങ്ങൾ റവന്യു വകുപ്പ് പൊളിച്ചുനീക്കി തുടങ്ങി. 29 കുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പുനരധിവാസം ഉറപ്പാക്കാതെയുള്ള നടപടി മനുഷ്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നടപടിയുടെ ഭാഗമായി പന്നിയാർ പുഴയോരത്തെ ക്ഷേത്രവും പള്ളിയും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ പൊളിച്ചുനീക്കി. പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഇടത്തുനിന്ന് ഇറക്കിവിടുന്നതിനെതിരെ വൈകാരികമായ പ്രതിഷേധമാണ് വിശ്വാസികളും നാട്ടുകാരും ഉയർത്തിയത്.
അതേസമയം, കോടതി ഉത്തരവ് പ്രകാരം പലതവണ നോട്ടീസ് നൽകിയിട്ടും ഒഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. പുനരധിവാസം ആവശ്യമുള്ള 12 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ 60 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന തങ്ങൾക്ക് മതിയായ പകരം സംവിധാനം ഒരുക്കാതെ തെരുവിലേക്ക് ഇറക്കിവിടുന്നത് അനീതിയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു സഹായവും ലഭിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. നിലവിൽ കനത്ത പോലീസ് കാവലിൽ പൊളിക്കൽ നടപടികൾ തുടരുകയാണ്.






