പാലക്കാട്: വാണിയംകുളം പഞ്ചായത്തിൽ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സമീപത്തെ ജലസ്രോതസുകളിലേക്ക് മാലിന്യം തള്ളിയാൽ ഇനി പിടിവീഴും. കർശന നടപടികളുമായി വാണിയംകുളം പഞ്ചായത്ത്. ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് കുളപ്പുള്ളി പാതയിലെ കൂനത്തറ മുതൽ കണ്ണിയംപുറം പിഷാരടീസ് വരെയുള്ള സ്ഥലങ്ങളിൽ റോഡരികിലെ വഴിയോര കച്ചവട സ്ഥാപനങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
മലിനജലവും, മാലിന്യങ്ങളും പൊതു സ്ഥലങ്ങളിലോ, സമീപത്തെ ജലസ്രോതസുകളിലേക്കോ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് പഞ്ചായത്തിൻ്റെ നീക്കം. ഇത്തരത്തിൽ മാലിന്യം തള്ളുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തുകയാണ് ആദ്യ നടപടി. ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. 3 ദിവസത്തിനകം റിപ്പോർട്ട് പഞ്ചായത്ത് അധികൃതർക്ക് കൈമാറും. അതിന് ശേഷമായിരിക്കും പഞ്ചായത്ത് ഇത്തരം സ്ഥലങ്ങളിലെ പ്രശ്ന പരിഹാരത്തിന് നടപടികൾ ആരംഭിക്കുക.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സമിതികൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ജലസ്രോതസ്സുകളിലേക്ക് മാലിന്യമൊഴുക്കിയെന്ന പരാതിയിൽ കൂനത്തറയിലെ ഹോട്ടൽ ഉടമയിൽ നിന്ന് പഞ്ചായത്ത് അധികൃതർ 50,000 രൂപ കഴിഞ്ഞ ദിവസം പിഴയീടാക്കിയിരുന്നു. പാലക്കാട്- കുളപ്പുള്ളി പാതക്കരികിലെ അനധികൃത ഹോട്ടൽ നടത്തിപ്പുകാരിൽ നിന്നാണ് പിഴയീടാക്കിയതെന്ന് എന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്.
ദിവസങ്ങൾക്ക് മുൻപ്മു ഖ്യമന്ത്രിയുടെ പോർട്ടലിൽ കവളപ്പാറ കാരക്കാട് പാട ശേഖര സമിതി മാലിന്യ വിഷയത്തിൽ പരാതി നൽകിയിരുന്നു. ജലസ്രോതസ്സുകളിലേക്ക് മാലിന്യമൊഴുക്കി മീനുകൾ ചത്തുപൊങ്ങിയതും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. കൂനത്തറയിൽ തട്ടുകടയെന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം മാലിന്യം നേരിട്ട് പിന്നിലെ കൃഷിയിടങ്ങൾക്കു സമീപം ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്ന തോട്ടിലേക്ക് ഒഴുക്കിയതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായണ് പരിരോധനയും, നടപടികളും പഞ്ചായത്ത് വേഗത്തിലാക്കിയത്.






