മുംബൈ : അനധികൃത നിർമ്മാണത്തിന്റെ പേരിൽ മിഥുൻ ചക്രവർത്തിക്ക് മുംബൈ നഗരസഭയുടെ നോട്ടീസ്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് . മലാഡിലെ എറംഗൽ ഗ്രാമത്തിലെ സ്ഥലത്ത് അനധികൃതമായി ഗ്രൗണ്ട് ഫ്ലോർ ഘടന നിർമ്മിച്ചതിനാണ് ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.മെയ് 10-ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം, അനധികൃത നിർമ്മാണത്തിന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 475A പ്രകാരം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് മുംബൈ മുനിസിപ്പൽ ബോഡി നടന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെസാനൈൻ ലെവലുകളുള്ള രണ്ട് ഗ്രൗണ്ട് ഫ്ലോർ യൂണിറ്റുകൾ, മരപ്പലകകൾ, ഗ്ലാസ് പാർട്ടീഷനുകൾ, എസി ഷീറ്റ് റൂഫിംഗ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് താൽക്കാലിക യൂണിറ്റുകൾ തുടങ്ങിയ ഘടനകളെക്കുറിച്ചും നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം ഇത്തരം ലംഘനങ്ങൾ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 475A യുടെ പരിധിയിൽ വരുമെന്നും ഇത് പിഴയും ജയിൽ ശിക്ഷയും വരെ ലഭിക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു.






