വാഷിങ്ടൺ: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പ്രകോപിതനായി ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ നടന്ന വെടിവെപ്പ് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സംഭവം. സിബിഎസ് റിപ്പോർട്ടറായ നോറ ഒ’ഡോണലിന്റെ 60 മിനിറ്റ്‌സ്’ അഭിമുഖത്തിൽ പ്രതിയായ കോൾ തോമസ് അലന്റെ മാനിഫെസ്റ്റോയിലെ ചില ഭാഗങ്ങൾ വായിച്ച് ചോദ്യം ഉന്നയിച്ചു. ഇതാണ് ട്രംപിനെ രൂക്ഷമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
മാനിഫെസ്റ്റോയിൽ ട്രംപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോൾ, “ഞാൻ അത്തരത്തിലുള്ള ഒരാളല്ല, മാനിഫെസ്റ്റോ തയ്യാറാക്കിയ ആളൊരു മാനസികരോഗിയാണ്” എന്നാണ് ട്രംപ് മറുപടി നൽകിയത്. മാധ്യമപ്രവർത്തകരെക്കുറിച്ചും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു.
വെടിവെപ്പ് നടന്ന സമയത്തെ അനുഭവങ്ങളും ട്രംപ് പങ്കുവെച്ചു. ശബ്ദം കേട്ടപ്പോൾ അസാധാരണമായ ഒന്നാണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നുവെന്നും സംഭവസ്ഥിതി മനസ്സിലാക്കാനായിരുന്നു താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തിന് മുൻപ് കുടുംബത്തിന് അയച്ച കുറിപ്പിൽ ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ആക്രമണം പദ്ധതിയിട്ടതെന്ന് പ്രതി വ്യക്തമാക്കിയിരുന്നു. എന്നാൽ സുരക്ഷാസേന ഇടപെട്ട് ഇയാളെ നേരത്തെ തന്നെ തടഞ്ഞതോടെ വലിയ ദുരന്തം ഒഴിവായി.




