മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ അന്വേഷണം മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പൊലീസ് സംഘം നാഗ്പൂരിൽ കൂടുതൽ അന്വേഷണം നടത്തും.
ഈ മാസം ഏഴിന് ബംഗളൂരുവിലെത്തിയതിന് ശേഷമാണ് ഇംതിയാസിനെ കാണാതായത്. ബംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ ഇംതിയാസ് എത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിലെ പാർക്കും സാറ്റലൈറ്റ് ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഇംതിയാസ് ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവിലെത്തിയ ഉടൻ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഇംതിയാസിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
നിലവിൽ താനൂർ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇംതിയാസിന്റെ യാത്രകളും വിവിധ സ്ഥലങ്ങളിലെ സാന്നിധ്യവും കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.




