കോട്ടയം: നഗരസഭാ പരിധിയിൽ മാംസവില കുറച്ചു. പോത്തിറച്ചി കിലോയ്ക്ക് 435 രൂപയും പന്നിയിറച്ചി 340 രൂപയുമായി നിശ്ചയിച്ചു. നഗരസഭാ ചെയർപേഴ്സൺ ദിയ ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന മാംസ വ്യാപാരികളുടെ യോഗത്തിലാണ് തീരുമാനം. പുതുക്കിയ നിരക്ക് നാളെ (14/01/2026) മുതൽ നിലവിൽ വരും.
അമിതവില വേണ്ട കർശന നിലപാടുമായി നഗരസഭ പോത്തിറച്ചി കിലോയ്ക്ക് 460 രൂപ ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ ഇടപെട്ടത്. നിശ്ചയിച്ച വിലയേക്കാൾ ഒരു രൂപയെങ്കിലും അധികം വാങ്ങിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ മുന്നറിയിപ്പ് നൽകി. അമിതവില വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭാ അധികൃതർക്കോ ചെയർപേഴ്സണോ നേരിട്ട് പരാതി നൽകാം. പ്രമുഖ കടകൾ വില കൂട്ടുന്നതിനനുസരിച്ച് ചെറുകിട വ്യാപാരികൾ വില വർദ്ധിപ്പിക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
ഇറച്ചിക്കടകളിലെ ദുർഗന്ധം ഒഴിവാക്കാനും ജീവനക്കാരുടെയും പരിസരത്തിന്റെയും ശുചിത്വം ഉറപ്പാക്കാനും കർശന നിർദ്ദേശം നൽകി. ഇതിനായി കച്ചവടക്കാർ 15 ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും 10 ദിവസത്തെ സാവകാശമാണ് നഗരസഭ അനുവദിച്ചത്. യോഗത്തിൽ പങ്കെടുക്കാത്ത വ്യാപാരികളുടെ കടകളിൽ ഇന്നുമുതൽ തന്നെ പരിശോധന ആരംഭിക്കാൻ ചെയർപേഴ്സൺ നിർദ്ദേശം നൽകി.
കോഴിയിറച്ചി വില്പനക്കാർ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് മാത്രമേ കൈമാറാവൂ. പന്നി വളർത്തൽ കേന്ദ്രങ്ങൾക്ക് മാലിന്യം നൽകുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും.
ഇറച്ചി തൂക്കുമ്പോൾ ‘മുൻതൂക്കം’ നൽകുന്നുണ്ടെന്നും വില കുറയ്ക്കുന്നത് നഷ്ടമാണെന്നും വ്യാപാരികൾ വാദിച്ചെങ്കിലും നഗരസഭ ഇത് അംഗീകരിച്ചില്ല. ഇലക്ട്രോണിക് ത്രാസുകൾ ഉപയോഗിക്കുന്നതിനാൽ കൃത്യമായ വിലയാണ് ഈടാക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ചർച്ചകൾക്കിടെ കാളയിറച്ചി പോത്തിറച്ചി എന്ന പേരിൽ വിൽക്കുന്നതിനെക്കുറിച്ച് ചില വ്യാപാരികൾ തന്നെ തുറന്നു പറഞ്ഞത് യോഗത്തിൽ ചിരി പടർത്തി. കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിനു പുളിക്കക്കണ്ടം എന്നിവർ നഗരസഭയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.




