കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റെന്ന സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. റിപ്പോർട്ടിൽ കഴുത്തിൽ ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. കഴുത്തിന്റെ ചില ഭാഗങ്ങളിൽ തൊടുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെന്നു മാത്രമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ പരാതിയിൽ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് നേരത്തേ തന്നെ മൊഴി നൽകിയിരുന്നു. അന്നേദിവസം നടന്ന പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റതായി ആരോപിച്ച് മന്ത്രി ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. കണ്ണൂർ ജില്ല ജനറൽ ആശുപത്രിയിലെ ആക്സിഡന്റ് രജിസ്റ്റർ കം വൂണ്ട് സർട്ടിഫിക്കറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.






