ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് ചെന്നൈ നിവാസിയായ വി വിഘ്‌നേഷ് നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടി. നൂറ് കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് വിജയ്‌ക്കെതിരെയുള്ള ആരോപണം.
പെരമ്പൂർ മണ്ഡലത്തിലേക്കുള്ള വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ഏകദേശം 115.13 കോടിയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. അതേസമയം ട്രിച്ചി (ഈസ്റ്റ്) സീറ്റിലേക്കുള്ള സത്യവാങ്മൂലത്തിൽ ഏകദേശം 220.15 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഈ രണ്ട് മണ്ഡലങ്ങളിലുമായി സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ ഏകദേശം നൂറുകോടിയുടെ വ്യത്യാസമാണ് കാണിക്കുന്നത്. സ്വത്ത് വിവരങ്ങളിലെ പെരുത്തക്കേടുകൾ കണക്കിലെടുത്ത് വ്യക്തത ആശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി വിജയ്ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്.




