വിവിധ മേഖലകളിലെ സുരക്ഷിതവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രൂപവത്കരിച്ച തന്ത്രപ്രധാന പാക്സ സിലിക്ക കൂട്ടായ്മയിൽ ഇന്ത്യ അംഗമായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക്സ് സിലിക്കയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഇന്ത്യ ഒപ്പുവെച്ചിരിക്കുകയാണ്.
ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലാണ് പ്രഖ്യാപനം ഒപ്പുവെച്ചത്. ഭാവിയിൽ ആവശ്യമായ പ്രധാന വസ്തുക്കളും സാങ്കേതികവിദ്യകളും സുരക്ഷിതമായി ലഭ്യമാക്കാൻ ഇന്ത്യ ഒരുങ്ങി എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ പ്രധാന വിഭവങ്ങളിലേക്ക് സുരക്ഷിതമായ പ്രവേശനം പ്രോത്സാഹിപ്പിക്കാനും സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഡിസംബറിൽ വാഷിങ്ടണിൽ നടന്ന പാക്സ് സിലിക്ക ഉച്ചകോടിയിൽ ഓസ്ട്രേലിയ, ഗ്രീസ്, ഇസ്രയേൽ, ജപ്പാൻ, ഖത്തർ, കൊറിയ, സിങ്കപ്പൂർ, യുഎഇ, യുകെ എന്നിവയുൾപ്പെടെയുള്ള പങ്കാളിത്ത രാജ്യങ്ങളുമായി ചേർന്നാണ് ഈ സംരംഭം ആരംഭിച്ചത്.
ഇത് അസംസ്കൃത വസ്തുക്കളിൽ നിന്ന് തുടങ്ങി സെമികണ്ടക്ടറുകളും എഐ ഇൻഫ്രാസ്ട്രക്ചറും വരെ മുഴുവൻ സപ്ലൈ ചെയിനിലുടനീളം കൂടുതൽ അടുത്ത സാമ്പത്തികവും സാങ്കേതികവുമായ സഹകരണം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. അതായത്, ഇരുപക്ഷവും ഒന്നിച്ച് പ്രവർത്തിച്ച് പരസ്പരം വളർച്ചക്കും സുരക്ഷയ്ക്കും സഹായിക്കുന്ന ഒരു ശക്തമായ പങ്കാളിത്തം ഉണ്ടാക്കാനാണ് ലക്ഷ്യം.
കൂടാതെ, പാക്സ് സിലിക്കയിലൂടെ ഒരു ദീർഘകാല സാമ്പത്തിക ചട്ടക്കൂട് സൃഷ്ടിക്കപ്പെടുകയും ചെയ്യും. പാക്സ് സിലിക്കയിൽ ചേരാൻ ഇന്ത്യയെ ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
എന്താണ് പാക്സ് സിലിക്ക
നിർണായക ധാതുക്കൾ, അർധചാലകങ്ങൾ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ സുരക്ഷിതമായ വിതരണശൃംഖല ഉറപ്പാക്കാൻ യുഎസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച അന്താരാഷ്ട്ര സഖ്യമാണിത്. 2025 ഡിസംബറിലാണ് ഈ സംരംഭം ആരംഭിച്ചത്. സാങ്കേതിക സംവിധാനങ്ങളിലെ വികസനമാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും ചൈനയുടെ കുത്തക തകർക്കലാണ് പരോക്ഷമായ ഉദ്ദേശം
യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, നെതർലാൻഡ്‌സ്, ഇസ്രായേൽ, യുഎഇ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയവയാണ് സ്ഥാപക അംഗങ്ങൾ. ധാതു ഖനനം മുതൽ ചിപ്പ് ഡിസൈൻ, നിർമ്മാണം, ഡാറ്റാ സെന്ററുകൾ വരെ ഈ സഖ്യത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
പാക്‌സ് സിലിക്കയുടെ സ്ഥാപക അംഗങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല. സെമികണ്ടക്ടർ നിർമ്മാണത്തിലുള്ള ഇന്ത്യയുടെ കുറഞ്ഞ പങ്കാളിത്തം, വിതരണശൃംഖലയിലെ ഇന്ത്യയുടെ ദൗർബല്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയെ മാറ്റിനിർത്തിയത്.
ഇന്ത്യ അമേരിക്ക വ്യാപാര പ്രശ്‌നങ്ങളുമായോ രാഷ്ട്രീയവുമായോ ഇതിന് ബന്ധമുണ്ടെന്ന നിഗമനങ്ങളെ അമേരിക്ക നേരത്തേ തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യ അംഗമാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ രാജ്യങ്ങളായ അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, നെതർലാൻഡ്സ് എന്നിവയുമായി നേരിട്ട് സഹകരിക്കാൻ സാധിക്കുമെന്നതാണ് ശ്രദ്ധേയം.
സാങ്കേതികമായി പറഞ്ഞാൽ, ഈ സഖ്യം വഴി ഇന്ത്യയ്ക്ക് ചിപ്പ് നിർമ്മാണം, നിർമ്മിച്ച ചിപ്പുകൾ ഉപയോഗിക്കാൻ പാകത്തിൽ തയ്യാറാക്കൽ, ഡിസൈൻ എന്നീ മൂന്ന് മേഖലകളിലും വലിയ മുന്നേറ്റം നടത്താൻ സാധിക്കും. ഭീകരവിരുദ്ധ പോരാട്ടം, സൈനിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് ഈ സഖ്യം വഴി ലഭ്യമാകും. വിദേശ ചിപ്പ് നിർമ്മാണ കമ്പനികൾക്ക് ഇന്ത്യയിൽ കൂടുതൽ ഫാക്ടറികൾ തുടങ്ങാനുള്ള വഴിയും പാക്സ് സിലിക്കയൊരുക്കും. സെമികണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യയും ജപ്പാനും തമ്മിൽ കരാറുകൾ ഇതിനോടകം തന്നെ നിലവിലുണ്ട്.
ദക്ഷിണ കൊറിയ, നെതർലാൻഡ്സ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ഡിസൈൻ, പാക്കേജിംഗ്, AI എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്ക് ലഭിക്കുന്ന അധിക ഇന്ധനമാണ്. യുഎസ്-ചൈന പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യയെ ഒരു ബദൽ കേന്ദ്രമായി നിലനിർത്താൻ ഇത് വഴിതുറക്കും.




