സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യയും ഒമാനും. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴിവെക്കുന്ന കരാർ ഉടൻ പ്രാബല്യത്തിൽ വന്നേക്കും. ഒമാന്റെ ഇന്ത്യയിലെ സ്ഥാനപതി ഇസ സലേഹ് അബ്ദുള്ള സലേഹ് അല്‍ഷിബാനിയാണ് കരാര്‍ ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നടന്നു വരികയാണ്. അത് കൂടി കഴിഞ്ഞാല്‍ ധാരാണാ പത്രത്തില്‍ ഒപ്പുവയ്ക്കും.
ചരക്ക്, സേവന മേഖലയ്ക്കാണ് ഈ കരാറുകൊണ്ട് നേട്ടമുണ്ടാകുന്നത്. നിലവില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ നിലനിൽക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ചരക്ക്, സേവന മേഖലകളിലേക്ക് കൂടി കരാര്‍ നീട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി വർധിക്കുമെന്നാണ് പ്രതീക്ഷ.






