ന്യൂഡൽഹി: അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ച് ഖമനേയിയോടുള്ള ആദരവും ദുഃഖവും രേഖപ്പെടുത്തി.
ഇറാന്റെ യുദ്ധക്കപ്പൽ തകർത്ത സംഭവത്തിൽ ഇന്ത്യ പ്രതികരിക്കാത്തതിനെ തുടർന്ന് രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് വിദേശകാര്യ സെക്രട്ടറി നേരിട്ട് എംബസിയിലെത്തി അനുശോചനം അറിയിച്ചത്.
ഇതിനിടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിന് സ്ഥിരതയുള്ള നേതൃത്വം ആവശ്യമുള്ള സമയത്ത് പ്രധാനമന്ത്രി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം പണയപ്പെടുത്തിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഇറാന്റെ പരമോന്നത നേതാവിന്റെ വധത്തിൽ പോലും മോദി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാരിന്റെ ഈ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.



