ശ്രീനഗര്‍: രാത്രിയില്‍ പാകിസ്താന് നടത്തിയ ഡ്രോണാക്രമണശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് അദ്ദേഹം ജമ്മുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജമ്മു, പഠാന്‍കോട്ട്, ഉധംപുര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ തടഞ്ഞിരുന്നു.
‘ജമ്മു നഗരത്തിലും ഡിവിഷന്റെ മറ്റു ഭാഗങ്ങളിലും ഇന്നലെ രാത്രി നടന്ന പാകിസ്താന് ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇപ്പോള്‍ ജമ്മുവിലേക്കു പോകുന്നു.’എന്നാണ്’ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്സ് പോസ്റ്റില്‍ കുറിച്ചത്.അതോടൊപ്പം സ്കൂളുകളുടെ അവധി നീട്ടുന്നതു സംബന്ധിച്ച തീരുമാനം സാഹചര്യമനുസരിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച വരെ സ്കൂളുകള്‍ക്ക് അവധി നല്‍കിയതായി ജമ്മു കശ്മീര്‍ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റു വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ മിസൈല്‍ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട പാകിസ്താന് ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കിയത്. ജമ്മു വിമാനത്താവളത്തിനു സമീപം ഒരു ഡ്രോണും യൂണിവേഴ്സിറ്റിക്കും സമീപം രണ്ടു ഡ്രോണുകളും തകര്‍ത്തു. എട്ടു മിസൈലുകളെയും നിഷ്പ്രഭമാക്കി. പഠാന്‍കോട്ട്, ജയ്സല്‍മേര്‍ എന്നിവടങ്ങളിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ജമ്മു, പഠാന്‍കോട്ട്, ഉധംപുര്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണശ്രമമുണ്ടായി.






