തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 27ന് നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. Ticketgenie.in പ്ലാറ്റ്‌ഫോമിലൂടെ ആരാധകർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഫിനസ് ഗ്രൂപ്പ് എം.ഡിയും കേരള ക്രിക്കറ്റ് ലീഗ് (KCL) ചാമ്പ്യന്മാരായ തൃശൂർ ടൈറ്റൻസിന്റെ ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപ്പന നിർവഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഗാലറി ടിക്കറ്റിന് 650 രൂപയാണ് നിരക്ക്. പവലിയൻ ടിക്കറ്റിന് 1,250 രൂപയും പവലിയൻ എ, ജെ വിഭാഗങ്ങൾക്ക് യഥാക്രമം 1,800 രൂപയും 2,000 രൂപയുമാണ് നിരക്ക്. എലൈറ്റ് പവലിയൻ ടിക്കറ്റിന് 2,500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റിന് 5,000 രൂപയുമാണ് വില. എല്ലാ നികുതികളും ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും മത്സരത്തിന് പ്രത്യേക ടിക്കറ്റ് നിർബന്ധമാണ്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വരെ വാങ്ങാം.
വ്യാജ ടിക്കറ്റുകളും തട്ടിപ്പുകളും ഒഴിവാക്കുന്നതിനായി ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അഭ്യർഥിച്ചു. ടിക്കറ്റ് സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായം നൽകുന്നതിനുമായി ബോക്സ് ഓഫീസും പ്രത്യേക ഹെൽപ് ഡെസ്കും സജ്ജീകരിക്കും. ഇവയുടെ സ്ഥലം, പ്രവർത്തന സമയം തുടങ്ങിയ വിവരങ്ങൾ പിന്നീട് അറിയിക്കും.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും സെപ്റ്റംബർ 23ന് തിരുവനന്തപുരത്തെത്തും. സെപ്റ്റംബർ 24, 25 തീയതികളിൽ വെസ്റ്റ് ഇൻഡീസ് ടീം ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെയും ഇന്ത്യൻ ടീം വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയും പരിശീലനം നടത്തും.
സെപ്റ്റംബർ 26ന് പരിശീലന സമയക്രമം മാറും. ഇന്ത്യൻ ടീം ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെയും വെസ്റ്റ് ഇൻഡീസ് ടീം വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയും പരിശീലനം നടത്തും.
സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് 2 മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരമ്പരയിലെ ആദ്യ ഏകദിനത്തിന് തുടക്കമാകും.
തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം. ഒക്ടോബർ 3ന് മൊഹാലിയിലെ പി.സി.എ സ്റ്റേഡിയത്തിൽ മൂന്നാം ഏകദിനവും നടക്കും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിനായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം. അന്നും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമായിരുന്നു ഏറ്റുമുട്ടിയത്.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെസ്റ്റ് ഇൻഡീസ് ടീം വീണ്ടും തിരുവനന്തപുരത്ത് ഏകദിന മത്സരത്തിനായി എത്തുന്നത്. 2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത്തെ പുരുഷ ഏകദിനം.
ആ മത്സരത്തിൽ വിരാട് കോലി പുറത്താകാതെ നേടിയ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റൺസിന് പുറത്താക്കിയ ഇന്ത്യ 317 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.


