തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക സർവീസ് ക്ലിനിക്ക് സംഘടിപ്പിക്കാൻ തീരുമാനം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, സ്ഥാനക്കയറ്റം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം.
സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും ക്ലിനിക്ക് പ്രവർത്തിക്കുക. ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിലാണ് സർവീസ് ക്ലിനിക്ക് നടത്തുക.
ക്ലിനിക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടേറിയറ്റിലെ അനക്സ് രണ്ട് ലയം ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവഹിക്കും. സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സർവീസ് ക്ലിനിക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.












