മെല്‍ബണ്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മെല്‍ബണ്‍ വെച്ചാണ് മത്സരം നടക്കുക. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചതിനാല്‍ പരമ്പരയില്‍ ജയിച്ചു തുടങ്ങാനാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്.
ഏകദിന പരമ്പരയിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.4 ഓവില്‍ 97 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു മഴ കാരണം മത്സരം നിർത്തിയത്. അഭിഷേക് ശര്‍മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിതിന്‍റെ സൂചനകള്‍ നല്‍കിയതും ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിളങ്ങിയതും ഇന്ത്യക്ക് ആശ്വാസകരമാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 1.45നും ഓസ്ട്രേലിയൻ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്ട്സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാവും.

