പാരീസ്: യൂറോപ്യൻ ഇന്റർനാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. ആതിഥേയരായ ഫ്രാൻസിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം സ്വർണം സ്വന്തമാക്കിയത്. മലയാളിയായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ അസറുദ്ദീൻ ഷാ നയിച്ച സംഘം ഒരു മത്സരം പോലും തോൽക്കാതെയാണ് ചാമ്പ്യൻമാരായത്. ഫ്രാൻസിന്റെ മണ്ണിൽ ഇന്ത്യ നേടിയ ഈ വിജയം കായികചരിത്രത്തിലെ അഭിമാനനേട്ടമാണ്.
സെമിഫൈനലും ഫൈനലുമടക്കം കളിച്ച അഞ്ചു മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യൻ സംഘം കിരീടമുയർത്തിയത്. ഈ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാനേറെയുണ്ട്. എറണാകുളം സ്വദേശിയും എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ ക്യാപ്റ്റൻ അസറുദ്ദീൻ ഷാ നയിച്ച ടീമിലെ വിഷ്ണു എസ്, ജിജിരാജ് ആർ, അൻഫർ ജെ, അൽദിൻ റിയാസ് എന്നിവരും മലയാളികളാണ്.
എന്നാൽ, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി രാജ്യത്തിനായി സ്വർണം നേടിയ ഈ താരങ്ങൾക്ക് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ലഭിച്ചത് അവഗണന. വിജയശ്രീലാളിതരായി വിമാനമിറങ്ങിയ താരങ്ങളെ സ്വീകരിക്കാൻ കായിക അധികൃതരോ സർക്കാർ പ്രതിനിധികളോ എത്തിയില്ല. പൂച്ചെണ്ടുകളോ ആർപ്പുവിളികളോ ഇല്ലാതെ അവർ മടങ്ങിയെത്തി. കളിക്കളത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മലയാളി താരങ്ങളെ ജന്മനാടായ കേരളവും പോറ്റുനാടായ കർണാടകവും ഒരുപോലെ അവഗണിച്ചെന്നാണ് ആക്ഷേപം. സ്വന്തം തട്ടകമായ വ്യോമസേനയിൽനിന്ന് ലഭിച്ച സ്നേഹവും പരിഗണനയും മാത്രമാണ് താരങ്ങൾക്ക് ആശ്വാസമായത്.
മറ്റ് ജനപ്രിയ കായിക ഇനങ്ങൾക്ക് ലഭിക്കുന്ന കോടികളുടെ പരസ്യപിന്തുണയോ മികച്ച പരിശീലന സൗകര്യങ്ങളോ ഇല്ലാതെയാണ് ഈ താരങ്ങൾ ഫ്രാൻസിലേക്ക് യാത്ര തിരിച്ചത്. പരിമിതികൾക്കിടയിലും കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും അവർ രാജ്യത്തിന് സ്വർണം സമ്മാനിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ ഈ നേട്ടത്തിന് അർഹമായ അംഗീകാരം ലഭിക്കാത്തത് കായികരംഗത്തെ അവഗണനയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തുന്നു.



