കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ നടത്തുമെന്ന് ആറ് സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതി അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക, പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ബസ് ഉടമകൾക്ക് ഇന്ധനച്ചെലവും ജീവനക്കാരുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ താങ്ങാനാകാത്ത സാഹചര്യമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നുവെന്നും ഉടമകൾ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ബസുകളുടെ മിനിമം ചാർജ് 20 രൂപയായി ഉയർത്തണമെന്നും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 10 രൂപയാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. പ്രിയദർശിനി പദ്ധതി മൂലമുള്ള നഷ്ടം നികത്താൻ ബസ് ഉടമകൾക്ക് സർക്കാർ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തിവയ്ക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഡീസൽ ചെലവ് കണ്ടെത്താനും ജീവനക്കാർക്ക് മാന്യമായ വേതനം നൽകാനും കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.
ഇതിന്റെ ഭാഗമായി ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, വർധിച്ചുവരുന്ന ദൈനംദിന ചെലവുകൾക്ക് ആനുപാതികമായി ബസ് ചാർജും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്.
കൂടാതെ, ടൈമിങ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
സർക്കാർ ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ നീക്കം. സമരത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ വ്യക്തമാകൂ.



