രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന നിലയിലാണ് രൂപ താഴ്ന്നത്. ഇതിന് മുമ്പ് ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പശ്ചിമേഷ്യയിൽ ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും വിപണിയെ ബാധിച്ചു.
യുദ്ധം ആരംഭിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രൂപയുടെ മൂല്യം ഏകദേശം 2 ശതമാനം കുറഞ്ഞു. ഗൾഫ് മേഖലയിൽ എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നു. ബാരലിന് 120 ഡോളറിന് അടുത്ത് വരെ വില എത്തി. ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും ശ്രമം ആരംഭിച്ചിട്ടുണ്ട്. എണ്ണ ലഭ്യത ഉറപ്പാക്കാൻ അമേരിക്കയും നടപടികൾ സ്വീകരിച്ചുവരുന്നു.






