ലണ്ടൺ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറനാണ് കൊല്ലപ്പെട്ടത്. നവംബർ 25 നാണ് യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ കുത്തേറ്റ നിലയിൽ വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പൊലീസ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്.










