കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന് അടുത്ത മാസം 10ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സി പുതിയ ടീമായ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. 2027 ജനുവരി 17 വരെ നീളുന്ന ആദ്യ ഘട്ടത്തിലെ 78 മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിലെയും പ്ലേ ഓഫിലെയും മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡാർബി നവംബർ 29ന് നടക്കും.
ഇത്തവണ 13 ടീമുകളാണ് ഐഎസ്എല്ലിൽ മത്സരിക്കുന്നത്. ഹോം ആൻഡ് എവേ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് ഐഎസ്എൽ ഷീൽഡ് വിന്നേഴ്സ് ട്രോഫി ലഭിക്കും. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഐഎസ്എൽ കപ്പിനായുള്ള പ്ലേ ഓഫിൽ മത്സരിക്കുക.
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സിക്ക് വിജയത്തുടക്കം. തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കാലിക്കറ്റ് എഫ്സി തോൽപ്പിച്ചത്. ക്യാപ്റ്റൻ പ്രശാന്തും അർജന്റൈൻ താരം മാക്സിമിലിയാനോയും കാലിക്കറ്റിനായി ഗോൾ നേടി.
അടുത്തിടെ വാഹനാപകടത്തിൽ മരിച്ച കാലിക്കറ്റ് എഫ്സി താരം റിജോൺ ജോസിന് ആദരം അർപ്പിച്ചാണ് മത്സരം ആരംഭിച്ചത്.




