ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ റെക്കോർഡ് നേട്ടം സ്വന്തമാക്കി. 2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 62.66 ശതമാനം വർധനയാണിത്. 2024–25ൽ 23,622 കോടി രൂപയായിരുന്നു കയറ്റുമതി. ഇതിൽ 54.84 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളുടേതും 45.16 ശതമാനം സ്വകാര്യ സ്ഥാപനങ്ങളുടേതുമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി വരുമാനം 8,389 കോടി രൂപയിൽ നിന്ന് 21,071 കോടി രൂപയായി ഉയർന്നു, ഇത് 151 ശതമാനം വർധനയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ വരുമാനം 15,233 കോടി രൂപയിൽ നിന്ന് 17,353 കോടി രൂപയായി വർധിച്ചു. ഇപ്പോൾ 80ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഈ മേഖലയിലെ കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 128ൽ നിന്ന് 145 ആയി വർധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.




