ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി സുപ്രീം കോടതി ദയാമരണത്തിന് അനുമതി നൽകിയ ഹരീഷ് റാണാ അന്തരിച്ചു. 2013 മുതൽ കോമയിലായിരുന്ന ഹരീഷ് റാണയാണ് ഇപ്പോൾ വിടവാങ്ങിയത്. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഓക്സിജൻ പിന്തുണയും മറ്റ് ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളും നേരത്തെ നീക്കം ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ വാർഡിലേക്ക് മാറ്റിയ ശേഷമാണ് ചികിത്സ തുടരുന്നത്. അവസാന നിമിഷങ്ങളിൽ അമ്മയ്ക്കു മാത്രമാണ് കൂടെയിരിക്കാനായത്.
2013-ൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റാണ കോമയിലായി. വർഷങ്ങളായി ചികിത്സയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് കുടുംബം ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം 11-ന് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകി. തുടർന്ന് എയിംസിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ച് ഘട്ടംഘട്ടമായി ലൈഫ് സപ്പോർട്ട് നീക്കം ചെയ്യുകയായിരുന്നു. ലക്ഷ്യം വേദന കുറച്ച് സ്വാഭാവിക മരണത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു. വർഷങ്ങളായി നീണ്ട നിയമ പോരാട്ടങ്ങൾക്കും മെഡിക്കൽ പരിശോധനകൾക്കും ശേഷമാണ് ഈ തീരുമാനം നടപ്പാക്കിയത്. ഹരീഷ് റാണയുടെ വിയോഗത്തോടെ രാജ്യത്തെ ആദ്യ ദയാമരണ കേസ് അവസാനിക്കുന്നു.






