റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കാണ് നിയന്ത്രണം ബാധകമാകുക.
മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഇൻഡിഗോ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇൻഡിഗോയുടെ അറിയിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയ ഫോൺ നമ്പർ വഴി നേരിട്ട് അറിയിക്കും. യാത്ര മുടങ്ങുന്നവർക്ക് അധിക നിരക്കില്ലാതെ യാത്രാ തീയതി മാറ്റാനോ ടിക്കറ്റ് തുക പൂർണമായി തിരികെ വാങ്ങാനോ സൗകര്യമുണ്ടാകും.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ യാത്രക്കാരോട് നിർദേശിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അപ്രതീക്ഷിത യാത്രാ തടസ്സങ്ങളിലും അനിശ്ചിതത്വത്തിലും ഖേദിക്കുന്നതായും ഇൻഡിഗോ അറിയിച്ചു.



