പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കണ്ടെത്തൽ. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 29നാണ് അഞ്ചുവയസ്സുകാരി ജെനിഫറിനെയും മൂന്നുവയസ്സുകാരനായ സഹോദരൻ റോബിനെയും വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും ആദ്യഘട്ടത്തിൽ കേസിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചതിനെത്തുടർന്ന് പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് നിവേദ്യ കുറ്റം സമ്മതിച്ചതെന്നാണ് വിവരം. കുട്ടികളുടെ പിതാവ് ജോൺകുമാർ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
അറസ്റ്റിലായ സമയത്ത് ജോലിക്ക് പോകുന്നതിനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിനും കുട്ടികൾ തടസ്സമാണെന്ന് നിവേദ്യ പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. മോഡലിങ്ങിനാണ് താൽപര്യമെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കേസിൽ ആൺസുഹൃത്തിനുള്ള പങ്ക് പുറത്തുവന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.



