മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവിന്റെ തുടർച്ചയായ അവഹേളനം സഹിക്ക വയ്യാതെ നവവധു ജീവനൊടുക്കി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം ശേഷം വിദേശത്തേക്ക് പോയതിൽ പിന്നാലെയാണ് ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരമായി പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചത് എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. കൂടാതെ ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു. ഇതെ തുടർന്ന് പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




