കോഴിക്കോട്: ട്രെയിനിൽ വെച്ച് കൊയിലാണ്ടി സ്വദേശിയുടെ അരക്കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണ സംഘം ഇരുപത്തിനാലു മണിക്കൂറിനകം കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായി. സാസി മോഷണ സംഘത്തിൽ പെട്ട നാല് ഹരിയാന സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തു. ചെന്നൈ മംഗലൂരു സൂപ്പർ ഫാസ്റ്റ് എക്സപ്രസിൽ വെച്ചാണ് അതിവിദഗ്ധമായ കവർച്ച നടന്നത്.
കൊയിലാണ്ടി സ്വദേശികൾ വിവാഹ ആവശ്യത്തിനായി ചെന്നൈയിൽ നിന്നും സ്വർണ വജ്രാഭരണങ്ങൾ വാങ്ങി നാട്ടിലേക്ക് വരുന്നതിനിടയിലാണ് കവർച്ച നടന്നത്. 14-ാം തീയതി രാവിലെ കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങുമ്പോൾ ബാഗ് ഇറക്കാനായി എസി കോച്ചിൽ കൂടെയുണ്ടായിരുന്നവർ സഹായിച്ചിരുന്നു. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് അരക്കോടി രൂപയോളം വിലവരുന്ന ആഭരണങ്ങൾ നഷ്ടമായ കാര്യം അറിയുന്നത്. ഉടൻ തന്നെ റയിൽവേ പൊലീസിലും ആർപിഎഫിലും വിവരമറിയിച്ചു.
സിസിടിവി ദൃശ്യങ്ങളും റിസർവേഷൻചാർട്ട് വിവരങ്ങളും വെച്ച് ആർപിഎഫും റെയിൽവേ പൊലീസും സംയുക്ത അന്വേഷണം തുടങ്ങി. മോഷണം നടന്ന് ഒരു ദിവസം പിന്നിടും മുമ്പ് തന്നെ ട്രെയിനിൽ വെച്ച് മോഷ്ട്ടാക്കളെ പിടികൂടി.
ഹരിയാന സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്രർ എന്നിവരാണ് പിടിയിലായത്. ഹരിയാനയിലെ സാസി ഗ്യാങ്ങിൽ പെട്ട മോഷ്ട്ടാക്കളാണ് ഇവർ എന്ന് റെയിൽവേ പൊലീസ് പറഞ്ഞു. എസി കോച്ചുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അതിവിദഗ്ധമായി മോഷണം നടത്തിയ ശേഷം മുങ്ങുന്നതാണ് ഇവരുടെ പതിവ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ആളുകൾ കവർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂ.






