കോഴിക്കോട്: ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ‘ഇന്ററാക്ഷൻ വിത്ത് അച്ചിവേഴ്സ്’ സെഷൻ വിദ്യാർത്ഥികളിൽ ഐ.ഐടി ലക്ഷ്യങ്ങൾക്ക് ശക്തമായ പ്രചോദനമായി. മദ്രാസ് ഐ.ഐ.ടി കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി സഹൽ എം.കെ പങ്കെടുത്ത പരിപാടിയിൽ, ഐ.ഐ.ടിയിലേക്കുള്ള പഠനപാതയും ആവശ്യമായ തയ്യാറെടുപ്പുകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
എഴാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖത്തിന് മറുപടി നൽകിക്കൊണ്ട്, ഐ.ഐ.ടി പ്രവേശനത്തിനായി എഴുതേണ്ട വിവിധ മത്സരപരീക്ഷകളുടെ സ്വഭാവം, പഠനരീതികൾ, സമയനിയന്ത്രണം, തയ്യാറെടുപ്പ് മാർഗങ്ങൾ എന്നിവ സഹൽ വിശദീകരിച്ചു. ഹൈസ്കൂൾ ഘട്ടത്തിൽ തന്നെ സ്ഥിരമായ പഠനശീലവും ശാസ്ത്രീയ സമീപനവും വിദ്യാർത്ഥികൾ രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതോടൊപ്പം, ഐ.ഐ.ടി യുടെ കീഴിൽ നടക്കുന്ന ഒളിമ്പ്യാഡ് പരീക്ഷകൾ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കും അദ്ദേഹം വ്യക്തമാക്കി. ചോദ്യോത്തരങ്ങളും അനുഭവപങ്കിടലുകളും ചേർന്ന സെഷൻ കുട്ടികളിൽ പുതിയ ഉണർവുണ്ടാക്കി.
പ്രിൻസിപ്പാൾ റസാന ഒ.കെ സ്വാഗതം പറഞ്ഞു. മുഹാജിർ മുഹമ്മദ് കെ നന്ദി രേഖപ്പെടുത്തി. അക്കാഡമിക് കോർഡിനേറ്റർ നാജിയ കെ, അഡ്മിനിസ്ട്രേറ്റർ മുസ്തഫ കമാൽ, അധ്യാപിക റിൻഷിദ സി എന്നിവർ പ്രോഗ്രാം ഏകോപിപ്പിച്ചു.




