കൊച്ചി: ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലന്‍സ് കേസില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഡയറക്ടര്‍, കൊച്ചി സോണല്‍ ഓഫീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരായ ആരോപണം പരിശോധിക്കുമെന്നും, സമന്‍സ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തുമെന്നും ഇഡി അറിയിച്ചു. അഡീഷണല്‍ ഡയറക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഇടനിലക്കാര്‍ മുഖേന ഇയാള്‍ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് കണ്ടെത്തല്‍.
ഇതിനുപിന്നാലെ ഇഡിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക ഇടപാട് കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കൊല്ലം കടപ്പാക്കട സ്വദേശിയും മോഡേണ്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ജയിംസ് ജോര്‍ജാണ് രംഗത്തെത്തിയത്.
2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇഡിയുടെ ഇടനിലക്കാര്‍ സമീപിച്ചെന്നാണ് ജയിംസ് ജോര്‍ജിന്റെ ആരോപണം. മോഹനന്‍ എന്ന കൊല്ലത്തുനിന്നുള്ള ഒരു ഇഡി ഉദ്യോഗസ്ഥനാണ് കൈക്കൂലി ആവശ്യപ്പെട്ട് ഉപദ്രവിച്ചതെന്ന് ജയിംസ് ജോര്‍ജ് പറയുന്നു. തിരുവനന്തപുരത്ത് നിന്ന് ഒരു അലിയാണ് ബന്ധപ്പെട്ടത്. ഇയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും താനിത് നിരസിച്ചുവെന്നും ജയിംസ് ജോര്‍ജ് പറയുന്നു.






