പാലക്കാട്:വടക്കഞ്ചേരി മരുഭൂവൽക്കരണത്തിനെതിരെ പന്തലാംപാടം മേരി മാതാ സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രത്തിന് അന്തർദേശീയ പുരസ്‌കാരം ലഭിച്ചു. കുട്ടിക്കാനത്ത് വച്ച് നടന്ന ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിലാണ് സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ 'എക്കോസ് ഓഫ് ദ ലാസ്റ്റ് ട്രീ' എന്ന ഹ്രസ്വ ചിത്രത്തിന് സിൽവർ ഔൾ' പുരസ്കാരം ലഭിച്ചത്.
സ്കൂളിലെ എൻഎസ്എസ് വിഭാഗം വിദ്യാർത്ഥികളായ ജെയിംസ് ജോസ്, ശ്രീഹരി, സിറിൽ സജി, എയ്ഞ്ചലോ, ഇവാൻ, ആൻവിൻ, അനഘ എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കിയത്. സ്കൂളിലെ അധ്യാപകരും, മറ്റു വിദ്യാർത്ഥികളും ചിത്രത്തിൽ ഇവരോടൊപ്പം അഭിനയിക്കുകയും ചെയ്തിരുന്നു. പ്രകൃതിയുടെ പച്ചപ്പ് ഇല്ലാതാകുന്ന ഒരു കാലഘട്ടത്തിൽ ആ തിരിച്ചറിവ് ഉണ്ടാവുന്ന ഒരു തലമുറയുടെ നേർക്കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം.
പ്രകൃതിയും മനുഷ്യനും എത്രമാത്രം ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ചിത്രം നൽകുന്ന സന്ദേശം. ജെയിംസ് ജോസ് എന്ന വിദ്യാർത്ഥിയാണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംങ്ങും. അന്തർദേശീയ പുരസ്കാരം നേടിയ ഹ്രസ്വ ചിത്രത്തിന്റെ പിന്നണി പ്രവർത്തകരായ വിദ്യാർഥികളെ സ്കൂളിൽ വച്ച് അനുമോദിച്ചു. സ്കൂൾ മാനേജർ ഫാദർ ആൻസൺ മേച്ചേരി അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ വിജു അധ്യക്ഷനായി. പ്രിൻസിപ്പാൾ ഷൈജോ മാത്യു, മുൻ പിടിഎ പ്രസിഡണ്ട് വേലായുധൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി ജിഷ, സ്റ്റാഫ് സെക്രട്ടറി ഷീബ മാത്യു എന്നിവർ സംസാരിച്ചു.