പാലക്കാട്: പട്ടാമ്പിയിൽ അഴുക്കുചാലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കം. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് അഴുക്കു ചാലുകളുടെ സ്ലാബുകൾ മാറ്റി പരിശോധന നടത്തുന്നത്.
മേലെ പട്ടാമ്പി നഗരത്തിലെ അഴുക്കുചാലുകളിൽ മലിന ജല കെട്ടിക്കിടക്കുകയും പോലീസ് സ്റ്റേഷൻ വളപ്പിലെ കിണർ വെള്ളത്തിൽ ദുർഗന്ധവും നിറം മാറ്റവും അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വലിയ ആശങ്കക്കിടയാക്കി.
ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് മുഹ്സിൻ എംഎൽഎ സന്ദർശനം നടത്തി വേഗത്തിൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് KRFB യുടെ സഹകരണത്തോടെ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നത്. പോലീസ് സ്റ്റേഷൻ മുതൽ മേലെ പട്ടാമ്പി വരെയുള്ള ഭാഗത്തെ അഴുകുചാലിൻ്റെ സ്ലാബുകൾ മാറ്റിയാണ് പരിശോധന നടത്തുന്നത്. ഇതിൽ ചില സ്ഥാപനങ്ങളിൽ നിന്ന് മലിന ജലം പൈപ്പ് വഴി അഴുക്കുചാലിലേക്ക് ഒഴുകുന്നത് കണ്ടെത്തുകയും അവ അടക്കുകയും ചെയ്തു.










