ടെഹ്‌റാൻ: ഇസ്ലാമാബാദിൽ അമേരിക്കയുമായി നടക്കാനിരിക്കുന്ന പുതിയ ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുഎസിന്റെ വാക്കുകളും പ്രവർത്തനങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖേയി ആരോപിച്ചു.
വെടിനിർത്തൽ ആരംഭിച്ച ശേഷം യുഎസിന്റെ സമീപനം വിശ്വാസം നൽകുന്നതല്ലെന്നും ഇത് ഇറാന്റെ സംശയങ്ങൾ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട ചർച്ചകളിൽ ലെബനൻ ഉൾപ്പെടുമെന്ന് മധ്യസ്ഥരായ പാകിസ്താൻ പറഞ്ഞിട്ടും അത് യുഎസ് പാലിച്ചില്ലെന്നും ആരോപിച്ചു.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെയുണ്ടായ യുഎസ് നടപടി വെടിനിർത്തൽ കരാർ ലംഘനമാണെന്നും അധിനിവേശ നടപടിയാണെന്നും ഇറാൻ ആരോപിച്ചു.
ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയാണ് ഇറാൻ തീരുമാനമെടുക്കുകയെന്നും യുഎസ് നയതന്ത്രത്തോട് രണ്ട് തവണ വഞ്ചന കാണിച്ചുവെന്നും ഇറാന്റെ പരമാധികാരത്തിനും സ്വത്തുക്കൾക്കും നേരെ ആക്രമണങ്ങൾ നടത്തിയതായും ബഖേയി പറഞ്ഞു. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്ക പറയുമ്പോഴും അവരുടെ പ്രവർത്തനങ്ങൾ അതിന് വിരുദ്ധമാണെന്നും ഇറാൻ വിമർശിച്ചു. യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ മുന്നോട്ട് വയ്ക്കുന്ന കരാറിന് തയ്യാറായില്ലെങ്കിൽ ഊർജ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.




