ന്യൂഡല്‍ഹി: ഇസ്രയേല്‍ ഇറാന് സംഘര്‍ഷം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യ ഇന്ധന ശേഖരം വര്‍ധിപ്പിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ജൂണിലെ കണക്കുകളിലാണ് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഉയര്‍ച്ചയുള്ളതായി ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യന്‍ വിതരണക്കാരില്‍ നിന്നും ഇന്ത്യയിലെത്തിക്കുന്ന എണ്ണയുടെ അളവിനേക്കാള്‍ കൂടുതല്‍ ഇക്കാലയളവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തെന്നാണ് കണക്കുകള്‍.
മേയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരല്‍ ആയിരുന്നു. ജൂണ്‍ മാസത്തില്‍ ഈ കണക്ക് പ്രതിദിനം 2 മുതല്‍ 2.2 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് എത്തിയേക്കും. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ മൊത്തം അസംസ്കൃത എണ്ണയുടെ അളവിനേക്കാള്‍ കൂടുതലാണ് ഈ കണക്കുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം വലിയ ഉയര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. മെയ് മാസത്തില്‍ 280,000 ബാരലായിരുന്നു യുഎസില്‍ നിന്നുള്ള ഇറക്കുമതി. ജൂണില്‍ ഇത് 439,000 ബാരലായി ഉയര്‍ന്നു.
കണക്കുകള്‍ പ്രകാരം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഏകദേശം 5.1 ദശലക്ഷം ബാരല്‍ അംസ്കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ രണ്ട് ദശലക്ഷത്തോളവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. നേരത്തെ എണ്ണ ഇറക്കുമതിക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആയിരുന്നു ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. റഷ്യ യുക്രെയ്ന് യുദ്ധ കാലത്താണ് ഇന്ത്യ റഷ്യയെ കൂടുതായി ആശ്രയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭ്യമായിരുന്നതിനാലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുമായുള്ള വ്യാപാര ബന്ധം ഒഴിവാക്കിയതും മൂലമൂണ്ടായ സാഹചര്യമായിരുന്നു ഇന്ത്യന്‍ തീരുമാനത്തിന് പിന്നില്‍. ഇക്കാലയളവില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കമതി ഒരു ശതമാനത്തില്‍ നിന്നും 40-44 ശതമാനമായി വളരുകയും ചെയ്തു.



