ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിലെ സംഘർഷം രൂക്ഷമായി. ശക്തമായ തിരിച്ചടിക്കായി ഇറാൻ തയ്യാറെടുക്കുന്നതായി ഐഡിഎഫ് അറിയിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ഭീഷണി ഉയർന്നതിനെ തുടർന്ന് മധ്യ ഇസ്രായേലിലും വടക്കൻ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിലും സൈറണുകൾ മുഴങ്ങി. ലക്ഷക്കണക്കിന് ആളുകളെ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേലിന്റെ മറ്റ് പ്രദേശങ്ങളിലേക്കും സൈറണുകൾ വ്യാപിച്ചതായാണ് വിവരം.
ഖമനെയിയ്ക്ക് പുറമെ ഇറാന്റെ പ്രതിരോധ മന്ത്രിയെയും സുരക്ഷാ സംവിധാനത്തിലെ പ്രമുഖരെയും ഇല്ലാതാക്കിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ, സലേ അസാദി, മൊഹമ്മദ് ഷിരാസി, അസിസ് നസിർസദേ, ഹൊസെൻ ജബാൽ അസെലിൻ, റെസെ മൊസാഫാരി നിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു. അലി ഷംഖാനിയുടെയും മൊഹമ്മദ് പാക്പൊറിന്റെയും മരണം ഇറാൻ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി വ്യാപകമായ വ്യോമാക്രമണം തുടരുന്നതായി ഇറാൻ ആരോപിച്ചു. ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായും ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായും ഇറാൻ വ്യക്തമാക്കി. യഥാർത്ഥ മരണസംഖ്യയും നാശനഷ്ടവും ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തൽ. മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.






