ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃത്ത് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ സുരക്ഷിത പാത ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി അറിയിച്ചു. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഇറാനുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മുന്നിലാണ് കടലിടുക്ക് അടച്ചതെന്നും സുഹൃദ്രാജ്യങ്ങൾക്ക് സുരക്ഷിത സമുദ്രപാത ഉറപ്പാക്കുന്നത് ഇറാന്റെ പ്രതിജ്ഞാബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതിന് കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇറാൻ ഒരുക്കിയിട്ടുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു.




