ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാനിലെ സിറിക് ദ്വീപിലെ വാർത്താവിനിമയ ടവർ യുഎസ് ബോംബിട്ട് തകർത്തു. ഇതിന് തിരിച്ചടിയായി ബഹ്റൈനിലെ ദ്വീപിൽ സ്ഥാപിച്ച യുഎസ് റഡാർ സംവിധാനം ഇറാൻ തകർത്തതായും റിപ്പോർട്ടുകളുണ്ട്. സിറിക് ദ്വീപിന് സമീപം യുഎസിന്റെ എംക്യു-1 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ ഡ്രോണുകൾ വെടിവച്ചിട്ടതായി അമേരിക്കയും വ്യക്തമാക്കി.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ഇറാന്റെ വിലക്ക് ലംഘിച്ച് കടന്ന പ്രകൃതിവാതക ടാങ്കർ കടൽബോംബിൽ തട്ടി പൊട്ടിത്തെറിച്ച് തീപിടിച്ചു. വ്യാഴാഴ്ച മാത്രം നാല് എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തകർന്നതായാണ് റിപ്പോർട്ട്. ഈ മാസം ഇതുവരെ പത്ത് കപ്പലുകൾ കടൽബോംബ് ആക്രമണത്തിൽ തകർന്നതായും ഒക്ടോബറിൽ കപ്പലുകൾക്ക് നേരെ 37 ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇറാനിലെ ആണവനിലയങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) രംഗത്തെത്തി. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളിലും ആണവനിലയങ്ങളിലും പരിശോധന നടത്താൻ അനുവദിക്കണമെന്ന് ഏജൻസി ഇറാനോട് ആവശ്യപ്പെട്ടു.
അടുത്തയാഴ്ച ഐഎഇഎ ബോർഡ് യോഗം ചേരാനിരിക്കെയാണ് ആവശ്യം ശക്തമാക്കിയിരിക്കുന്നത്. സമാധാന ചർച്ചകളുടെ ഭാഗമായി ഖത്തറും ഇറാനോട് പരിശോധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആണവപരിശോധന അനുവദിക്കാനാകില്ലെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകളിലും നിയന്ത്രണം തുടരുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് റിയാദ്, ദമാം സർവീസുകൾ ഈ മാസം 30 വരെയും ജിദ്ദ സർവീസ് 21 വരെയും റദ്ദാക്കി.


