തിരുവനന്തപുരം: വി.എച്ച്. ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങിയ ഇടപാടിലും ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. ഇടപാടിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വി.എച്ച്. ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയെന്നാണ് ആരോപണം. ഇതിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇടപാടിലൂടെ ഗുരുതരമായ അഴിമതിക്ക് ശ്രമിച്ചെന്നുമാണ് ആരോപണം. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ റിസർച്ച് വിങ് കൺവീനർ ഡോ. എം.ജി. സുരേഷ് കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.
ജി.എൻ.എ. വൈദ്യുതി കരാർ വിവാദത്തിന് പിന്നാലെയാണ് വി.എച്ച്. ഗ്ലോബലുമായുള്ള ഇടപാടും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതിയാണ് കെ.എസ്.ഇ.ബി. വി.എച്ച്. ഗ്ലോബലിൽനിന്ന് വാങ്ങിയത്. ജി.എൻ.എ. എനർജി പ്രൈവറ്റ് ലിമിറ്റഡ് കെ.എസ്.ഇ.ബിയുടെ മുന്നിലെത്തിയതിന് സമാനമായ രീതിയിലാണ് വി.എച്ച്. ഗ്ലോബലും ഇടപാടിലേക്ക് എത്തിയതെന്നാണ് ആരോപണം. ഈ ഇടപാടിൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ പങ്കും അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ജി.എൻ.എ. എനർജിക്ക് വേണ്ടി ചീഫ് സെക്രട്ടറി നടത്തിയ ഇടപെടലുകളിലും പ്രതിപക്ഷം ദുരൂഹത ഉന്നയിക്കുന്നുണ്ട്. സെബിയുടെ അന്വേഷണ പരിധിയിലുള്ള ജി.എൻ.എ. എനർജിയെ ചീഫ് സെക്രട്ടറി എന്തിനാണ് സഹായിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. കമ്പനിയുടെ നിയമവിരുദ്ധ നടപടികൾ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷനും കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇത്തരം വിവാദങ്ങൾ നിലനിൽക്കെ ജി.എൻ.എയുമായി കരാർ ഒപ്പിടാൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും നിർബന്ധിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.


