ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ആറു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി.
നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലെ മുഖാനി മേഖലയിൽ നവംബർ 12ന് രാത്രിയിലാണ് സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ശാരീരിക അസ്വസ്ഥതകളോടെ വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
മുഖാനി സ്റ്റേഷൻ ഹൗസ് ഓഫീസർ സുശീൽ ജോഷിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ധീരജ് ബിഷ്ട്, നിതീഷ് പാൽ, അൻഷ് ഖത്രി, ഹിമാൻഷു ഗൗണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹൽദ്വാനിയിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളാണെന്ന് പൊലീസ് അറിയിച്ചു.
പോക്സോ നിയമപ്രകാരവും കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടി.സി. അറിയിച്ചു.
അതേസമയം, പ്രതികളിൽ ഒരാൾ കോളേജ് യൂണിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നും എബിവിപിയുമായി ബന്ധമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി.
പ്രതികൾക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം കുറ്റകൃത്യത്തിൽ സംഘടനയ്ക്ക് പങ്കുണ്ടെന്നതിന് തെളിവല്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.


