ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കബറടക്കം ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാൻ പ്രസ് ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകൾക്കുശേഷമായിരിക്കും അന്തിമ കബറടക്കം നടക്കുക.
ഫെബ്രുവരി 28-നായിരുന്നു ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന് നാലു മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ടെഹ്റാൻ, ഖൂം, മഷദ് എന്നീ മൂന്ന് നഗരങ്ങളിലായാണ് ചടങ്ങുകൾ നടക്കുന്നത്. ജൂലൈ 6, 7, 8 തീയതികളിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കും.
ജൂലൈ 9-ന് മഷദിൽ വെച്ചായിരിക്കും അന്തിമ കബറടക്കം നടക്കുക. പൊതുജനങ്ങളുടെ വലിയ പങ്കാളിത്തം ചടങ്ങുകളിൽ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഇമാം റെസ ദേവാലയത്തിലായിരിക്കും ഖമേനിയുടെ അന്ത്യവിശ്രമം.
ചടങ്ങുകളുടെ ഒരുക്കങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി ചടങ്ങുകളിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുൻപ് അദ്ദേഹത്തെ പിൻഗാമിയായി പരിഗണിച്ചിരുന്നെങ്കിലും നിലവിൽ ഔദ്യോഗിക പൊതുപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




