ഗാസ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനം അവസാനിച്ചതോടെ ഗാസയില്‍ ഇസ്രയേലിന്റെ രാപകല്‍ ആക്രമണം. ഇന്നലെ മാത്രം നൂറിലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ദെയ്ര്‍ അല്‍ബലയിലും ഖാന്‍ യൂനിസിലുമാണ് കൂടുതല്‍ മരണം. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ മൂവായിരത്തോളം പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 8173 പേര്‍ക്കു പരുക്കേറ്റു. 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ 53,000 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ഗാസയിലെ ജബാലിയയില്‍നിന്ന് ഒഴിയാന്‍ പലസ്തീന്‍കാരോട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ, ഇസ്രയേല്‍ അനുവദിച്ചാലുടന്‍ ഭക്ഷണമെത്തിക്കാന്‍ തയാറാണെന്ന് യുഎന്‍ അറിയിച്ചു. ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണെന്നും അവര്‍ക്കു സഹായം എത്തണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.






