ടെൽ അവീവ്: ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായ അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിവരം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ ലാരിജാനിക്ക് ഗുരുതരമായി പരിക്കേറ്റതായി മറ്റ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.
ചൊവ്വാഴ്ച ഉച്ചവരെ ലാരിജാനിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പ്രതികരിച്ചിട്ടില്ല. ഇറാന്റെ സൈനിക-സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് ലാരിജാനി. രാജ്യത്തിന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖമനേയിയുടെ മരണത്തിന് ശേഷം സുരക്ഷാ നേതൃത്വത്തിൽ നിർണായക പങ്ക് വഹിച്ചു വരികയായിരുന്നു.
ഇതിനിടെ, ഇറാനിലെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാൻ, ഷിറാസ്, തബ്രിസ് തുടങ്ങിയ നഗരങ്ങളിൽ ഒരേസമയം വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. സുരക്ഷാ മേധാവിയെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാനിന് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.






