ബെംഗളൂരു: ജോലിസ്ഥലത്ത് ലൈറ്റ് ഓഫ് ചെയ്യുന്നതുമായുണ്ടായ തർക്കത്തിനൊടുവിൽ മാനേജരെ കൊലപ്പെടുത്തി ഐടി ജീവനക്കാരൻ. എം.സി. ലേയൗട്ടിന് സമീപമുള്ള ഡിജിറ്റൽ വാൾട്ട് & ഫോട്ടോ എഡിറ്റിംഗ് സ്ഥാപനത്തിലാണ് സംഭവം.
ആന്ധ്രാപ്രദേശ് നയന്ദഹള്ളി സ്വദേശിയും ടെക്നിക്കൽ എക്സിക്യൂട്ടീവുമായ സോമല വംശി, ചിത്രദുർഗ സ്വദേശി ഭീമേഷ് ബാബുവിനെ ഡംബൽ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. എഡിറ്റിംഗ് ജോലിക്കിടെ ലൈറ്റ് ഓഫാക്കണമെന്ന് ബാബു പറഞ്ഞതിനെ തുടർന്ന് ഉണ്ടായ തർക്കം വംശിയെ പ്രകോപിപ്പിച്ചതായി പൊലീസ് അറിയിച്ചു. ദേഷ്യത്തിൽ ഇയാൾ ബാബുവിന് നേരെ മുളകുപൊടി എറിയുകയും ഡംബെൽ ഉപയോഗിച്ച് തല, മുഖം, നെഞ്ച് എന്നിവിടങ്ങളിൽ അടിക്കുകയുമായിരുന്നു.
കുഴഞ്ഞുവീണ ബാബുവിനെ സഹപ്രവർത്തകർ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.




