തിരുവനന്തപുരം: കെ സുധാകരനെ പോലൊരു നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്ന് കെ വി തോമസ്. കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാനാണ് ശ്രമമെന്നാണ് കെ വി തോമസ് ആരോപിച്ചത്. തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടതെന്നും അദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് സുധാകരനെ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കമെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു. താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും സോണിയ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
നിയമസഭ തെരഞ്ഞടുപ്പിൽ കെ സുധാകരന് സീറ്റ് നൽകാത്തതിൽ കോൺഗ്രസിൽ വൻ തർക്കങ്ങൾ നടന്നിരുന്നു. തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് ഹൈക്കമാന്‍ഡ് അനുമതി നൽകിയിരുന്നില്ല. സീറ്റ് തർക്കത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.




