ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയതായി യുവാവിനെതിരെ പരാതി. കർദാനി മേഖലയിലാണ് സംഭവം. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്.
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെയും മക്കളെയും രാഹുൽ ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 10 മണി കഴിഞ്ഞിട്ടും വീട്ടിൽ ആളനക്കം കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.


