ന്യൂഡൽഹി: വിജയ് നായകനാകുന്ന ജന നായകൻ എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകാൻ സാധ്യത. തിങ്കളാഴ്ച നടത്താനിരുന്ന സെൻട്രൽ ബോഡർ ഓഫ് ദിൽമ സെർറ്റിഫിക്കേഷൻ (CBFC) റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള ചിത്രത്തിന്റെ പ്രദർശനം മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് നടപടികൾ മാറ്റിയതെന്ന് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കേണ്ടതായിരുന്നുവെന്നും ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന് ഇതിനായി നിർദേശം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി ഒരംഗത്തിനുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് പ്രദർശനം മാറ്റുകയായിരുന്നു.
റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ആദ്യം ചിത്രം ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായി ഉണ്ടായ നിയമതർക്കത്തെ തുടർന്നാണ് റിലീസ് നീണ്ടത്.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ‘ജനനായകൻ’ തന്റെ അവസാന സിനിമയായിരിക്കുമെന്ന് വിജയ് മുമ്പ് വ്യക്തമാക്കിയിരുന്നു.





