കോഴിക്കോട്: സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് 38 പേരാണ്. കൂടാതെ മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും ചികിത്സതേടി. മഞ്ഞപ്പിത്തത്തിനൊപ്പം മറ്റു രോഗങ്ങളും ഉള്ളതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം. ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരം 2023-ൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 1073 പേരിൽ 14 പേരാണ് മരിച്ചത്. രോഗം സംശയിക്കുന്ന 3508 പേരിൽ ഒരാളും മരിച്ചു. എന്നാൽ, 2024-ൽ ഇത് ഇരട്ടിയായി. 7967 രോഗികളിൽ 89 പേരാണ് മരിച്ചത്. രോഗം സംശയിക്കുന്ന 20,445 പേരിൽ ഏഴുപേരും മരിച്ചു.
വർഷം പകുതിയാകുമ്പോഴേക്കും 5400-ലധികം ആൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചെന്നാണ് വിവരം. മലിനമായ ജലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. ഏപ്രിലിൽ 881 പേർക്കും മേയിൽ 1015 പേർക്കും മഞ്ഞപ്പിത്തം സ്ഥീരികരിച്ചപ്പോൾ ജൂണിൽ 767 പേർക്കാണ് രോഗം പിടിപെട്ടത്. ഈമാസം മാത്രം അഞ്ചുപേർ മരിച്ചു. കഴിഞ്ഞയാഴ്ചകളിൽ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 30 പേർക്കൊക്കെ രോഗം പിടിപെടുന്ന സാഹചര്യമുണ്ടായി.
Content: Jaundice is spreading in the state; 5 deaths this month alone






