കാസർകോട്: വി. കോമൻ മാസ്റ്റർ സ്മാരക സംസ്കൃതി ചെറുകഥാപുരസ്കാരം(2025) ജിതിൻ നാരായണന്. ജിതിൻ നാരായണൻ രചിച്ച ‘വിത്ത്’ എന്ന കഥയ്ക്കാണ് പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് അവാർഡ്.
മാർച്ച് 22-ന് പുല്ലൂർ കണ്ണാങ്കോട്ട് സംസ്കൃതി ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുല്ലൂർ ഗവ.യു.പി സ്കൂൾ, ഉദയനഗർ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി പഠനമികവിന് ഏർപ്പെടുത്തിയ സംസ്കൃതി വിദ്യാഭ്യാസ എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്യും. വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.
പത്രസമ്മേളനത്തിൽ അവാർഡ് നിർണയസമിതി അംഗങ്ങളായ ഡോ. സന്തോഷ് പനയാൽ, ഗോവിന്ദൻ രാവണേശ്വരം, ഗോപി കാരാക്കോട്, സംസ്കൃതി പ്രസിഡന്റ് രത്നാകരൻ മധുരമ്പാടി, സെക്രട്ടറി എ.ടി. ശശി, വി.വി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.





