നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗമാണെന്നും യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയാണ് ജോസ് കെ മാണി എത്തിയിരിക്കുന്നത്.
രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം കൊടുക്കാം. തറവാട്ടിലേക്ക് അല്ല. അത് അവരുടെ തീരുമാനമാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.
സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. പത്ത് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുയാണ്. പത്ത് സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിടുന്നതിനെ കുറിച്ച് പോലും ചിന്തിക്കുന്നുണെന്ന് ചില നേതാക്കള്‍ പറഞ്ഞതോടെയാണ് എല്‍ഡിഎഫിലേക്ക് ജോസഫ് വിഭാഗത്തെ ജോസ് കെ മാണി ക്ഷണിച്ചിരിക്കുന്നത്.
എല്‍ഡിഎഫിലേക്ക് ക്ഷണിച്ചെങ്കിലും ലയനത്തിന് ജോസ് കെ മാണിക്ക് താൽപര്യമില്ല. തറവാട്ടിലേക്ക് വരേണ്ടെന്നാണ് ജോസിന്റെ നിലപാട്
എന്നാല്‍ ആര്‍ക്കും ആരെയും ക്ഷണിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. യുഡിഎഫിലേക്ക് ജോസും കൂട്ടരും പോകുമെന്ന വിവാദം അവസാനിച്ചതിന് പിന്നാലെയാണ് ജോസഫ് വിഭാഗത്തിന്റെ മുന്നണി മാറ്റവും ചര്‍ച്ചയാകുന്നത്.
എന്നാൽ ജോസഫ് വിഭാഗത്തെ ഒന്നോടെ എൽഡിഎഫിലേക്ക് ക്ഷണിച്ച ജോസ് കെ മണിക്ക് മറുപടിയുമായി മോൻസ് ജോസഫ് പാഞ്ഞെത്തി. ഞങ്ങള്‍ യുഡിഎഫില്‍ സുരക്ഷിതരാണെന്ന് പാര്‍ട്ടി എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായ മോൻസ് ജോസഫ് പറഞ്ഞു. എല്‍ഡിഎഫിലെ തകര്‍ച്ച ജോസ് കെ മാണി വിഭാഗത്തെ ബാധിച്ചു. ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ ഗതികേടാണ് പുറത്ത് വരുന്നതെന്നും തങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും മോന്‍സ് ജോസഫ് മറുപടി നൽകി.
അവരുടെ പാര്‍ട്ടിയുടെ ഗതികേടിന് ഞങ്ങളെ കക്ഷിയാക്കേണ്ട കാര്യമില്ല. എല്‍ഡിഎഫില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുമെല്ലാം എല്‍ഡിഎഫ് തോറ്റ് തുന്നംപാടി നില്‍ക്കുന്നയിടത്ത് ജോസ് കെ മാണിയും ആ തകര്‍ച്ചയുടെ ഭാഗമായിയെന്നും അദ്ദേഹം പറഞ്ഞു.
എത്രയും പെട്ടന്ന് അവിടെ നിന്ന് പുറത്ത് ചാടണമെന്നാണ് അവരുടെ അണികള്‍ പറയുന്നത്. ഞങ്ങളിവിടെ യുഡിഎഫില്‍ സുരക്ഷിതമായ, തൃപ്തികരമായ അന്തരീക്ഷത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. ആടിക്കളിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ് എന്നും ശക്തമായി മോൻസ് ജോസഫ് തിരിച്ചടിച്ചു.
എന്നാൽ എന്തൊക്കെ പറഞ്ഞാലും കേരള കോൺഗ്രസ് ഗ്രൂപ്പിനുള്ളിൽ പുകയുന്ന പ്രശനങ്ങൾ കേരളം മൊത്തം അറിയാം. എന്നിട്ടും പാർട്ടിയുടെയും നേതാക്കന്മാരുടെയും മുഖം രക്ഷിക്കാൻ ഇത്തരത്തിൽ ഉള്ള പ്രതികരണവുമായി എത്തുന്നവർക്ക് കേരളം പുച്ഛ മനോഭാവം മാത്രമായിരിക്കും നൽകുക.
ഇടുക്കി, കുട്ടനാട് തുടങ്ങിയ യുഡിഎഫിന്റെ സ്വാധീനമുള്ള മണ്ഡലങ്ങൾ വേണമെന്ന വാശിയിൽ നിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.ആ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകില്ല എന്ന് നേരത്തെ തന്നെ പാർട്ടി അറിയിക്കുകയും ചെയ്തു.
എന്നാൽ ഇത്തരമൊരു ക്ഷണം ജോസ് കെ മാണി നടത്തിയപ്പോൾ അത് തട്ടിക്കളഞ്ഞത് ഒടുവിൽ ജോസഫ് വിഭാഗത്തിന് തന്നെ പാരയാകും എന്നുള്ള ആക്ഷേപങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത്തരത്തിൽ പാർട്ടി ജോസ് കെ മാണിയുടെ പക്കലേക്ക് മാറിയാൽ അത് ജോസഫ് വിഭാഗത്തെ സംബന്ധിച്ച് വൻ വിജയം നേടാൻ വഴിവെക്കുമെന്ന് അഭിപ്രായപെടുന്നവരുമുണ്ട്.
ഇത്രയൊക്കെ വെല്ലുവിളി നടത്തിയിട്ടും തർക്കിച്ചിട്ടും അധികാരം കൈയിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇപ്പോൾ ഉള്ളത്. എന്തായാലും എന്താകും ജോസഫ് വിഭാഗവും യുഡിഎഫും എടുക്കുന്ന തീരുമാനമെന്ന് കണ്ടു തന്നെ അറിയണം.



