കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം അമൃതപുരി കാമ്പസിൽ ‘അമൃതവർഷം – 72’ പരിപാടികൾക്ക് തുടക്കമായി. രാവിലെ 5 മണിക്ക് 72 ഗണപതി ഹോമങ്ങളോടെയായിരുന്നു തുടക്കം.
ആഘോഷ പരിപാടികളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
‘അമ്മയ്ക്ക് ജന്മദിനാശംസകൾ’ മലയാളത്തിൽ തന്നെ അറിയിച്ചു കൊണ്ടാണ് ജെ.പി. നദ്ദ പ്രസംഗം ആരംഭിച്ചത്. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ നിരവധി മേഖലകളിൽ മാതാ അമൃതാനന്ദമയിയുടെ സേവനങ്ങൾ മഹത്തായതാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ആരോഗ്യ രംഗത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ, സാമൂഹിക സേവന, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ അമ്മ മാതൃകയാണെന്നും, ഐക്യരാഷ്ട്രസഭയിൽ അമ്മയുടെ പ്രവർത്തനങ്ങൾ ഭാരതത്തിന്റെ പ്രതിഛായ ഉയർത്തിയെന്നും നദ്ദ പ്രസ്താവിച്ചു.
അവസരത്തിൽ അമൃത ആശുപത്രികളിൽ സൗജന്യ ശസ്ത്രക്രിയകൾ നടത്തും എന്ന പ്രഖ്യാപനവും, നിർധനർക്കായി 6000 ശൗചാലയങ്ങൾ നിർമ്മിച്ചു നൽകും എന്ന തീരുമാനവും പ്രഖ്യാപിച്ചു. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, എം.പിമാർ, സന്യാസി ശ്രേഷ്ടർ, ലക്ഷക്കണക്കിന് ഭക്തർ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി മലയാളത്തിൽ നടത്തിയ പ്രസംഗത്തിന്റെ രജത് ജൂബിലിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആദരം മന്ത്രി സജി ചെറിയാൻ ഇന്നലെ സമർപ്പിച്ചിരുന്നു.










