തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ മർദിച്ച മുതിര്‍ന്ന അഭിഭാഷകനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സിൽ. അധ്വ. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും.
ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെയും നടപടി. നടപടി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ വൈകിട്ട് ബാര്‍ കൗണ്‍സിൽ ഓണ്‍ലൈനായി യോഗം ചേരും.
ബെയ്ലിൻ ദാസിനെതിരെ അഭിഭാഷക ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. അഞ്ച് മാസം ഗർഭിണിയായിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയറായതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പറഞ്ഞു. ഇന്നലെ തന്നെ നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും ശ്യാമിലി വിശദമാക്കി.
അതേ സമയം അതിക്രമത്തിൽ വനിത കമ്മീഷൻ സ്വമേധേയ കേസെടുത്തിട്ടുണ്ട്. സ്ത്രീക്ക് മേൽ ഏത് വിധത്തിലും ആധിപത്യം സ്ഥാപിക്കാം എന്ന ചിന്തയാണ് ഈ പ്രവർത്തിക്ക് പിന്നിൽ. കേസിൽ കൃത്യമായ അന്വേഷണം നടക്കുകയും പ്രതിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുകയും വേണം. വിഷയത്തിൽ വനിതാ കമ്മീഷൻ പോലീസിനോട് ഉടൻ റിപ്പോർട്ട് ആവശ്യപ്പെടും. കൂടാതെ ഇന്ന് തന്നെ അഭിഭാഷകയെ നേരിട്ട് കണ്ട് കാര്യങ്ങൾ ചോദിച്ചറിയുമെന്നും സതീദേവി അറിയിച്ചിരുന്നു.






